ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എടവിലങ്ങിന്റെ കിഴക്കുള്ള പ്രദേശങ്ങളെ പതിനെട്ടരയാളം എന്ന സ്ഥലപ്പേരിലാണ് മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. അതിപുരാതനകാലത്ത് പതിനെട്ടരകവികളോളം തന്നെ പ്രസിദ്ധരായവര്‍ ജീവിച്ചിരുന്നതുകൊണ്ടാണ് ഇങ്ങിനെ പേരുണ്ടായതെന്ന് രേഖകള്‍ പറയുന്നു. മഹാകവികുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ കാലത്ത് സാഹിത്യകലാസാംസ്കാരിക രംഗങ്ങളില്‍ കൊടുങ്ങല്ലൂരിലുണ്ടായ പ്രഭാവം ഈ ഗ്രാമത്തിലും അലയടിച്ചിരുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറുള്ള കാര എന്ന സ്ഥലം ഒരു കാരാഗൃഹത്തെയാണ് ഓര്‍മിപ്പിക്കുന്നത്. കാരയെന്ന മലയാളവാക്കിനും അതുതന്നെയാണ് അര്‍ത്ഥം. വടക്കുപടിഞ്ഞാറന്‍ പ്രദേശം കാതിയാളം എന്നാണറിയപ്പെടുന്നത്. അളം എന്ന വാക്കിന് ഉപ്പളം എന്നും വെറും സ്ഥലമെന്നും അര്‍ത്ഥം കല്‍പ്പിക്കാം. കാതി എന്ന വാക്ക് ക്വാദി-തടവുകാരന്‍ എന്നര്‍ത്ഥമുള്ള അറബിവാക്കിന്റെ തല്‍ഭാവമാണെങ്കില്‍ തടവുകാര്‍ വസിച്ചിരുന്ന സ്ഥലമാണ് കാതിയാളം. ചിലപ്പതികാരത്തില്‍ ചേരരാജാക്കന്‍മാരുടെ പ്രധാനമന്ത്രിക്ക് കാവടി എന്ന പേര്‍ ചേര്‍ത്തുകാണുന്നു. ഉച്ചാരണത്തില്‍ മാറ്റം വന്നു കാവുതിയാളമായി മാറിയ സ്ഥലപ്പേരാണെങ്കില്‍ ഈ ധനമന്ത്രിയുടെ പേരിലുള്ള സ്ഥലം അഥവാ അദ്ദേഹം അധിവസിച്ചിരുന്ന സ്ഥലം എന്നുമാകാം. ഭൂപരിഷ്കരണനിയമം നടപ്പിലാവുന്നതിന് മുന്‍പ് എടവിലങ്ങ് പ്രദേശത്തും പരമ്പരാഗതമായി ജന്മി-കുടിയാന്‍ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. നിയമം നിലവില്‍ വന്നതിനുശേഷം കുടിയാന്മാര്‍ക്കെല്ലാം ഭൂമി ലഭിക്കുകയും കാര്‍ഷികബന്ധങ്ങളില്‍ വിപ്ലവകരമായ മാറ്റം സംഭവിക്കുകയും ചെയ്തു. എങ്കിലും അല്‍പകാലത്തിനുള്ളില്‍ കാര്‍ഷികമേഖലയുടെ സ്ഥിരത നഷ്ടപ്പെടുകയും കൃഷിഭൂമി തുണ്ടുവല്‍ക്കരിക്കപ്പെടുകയും ചെയ്തു. നെല്‍കൃഷി നടന്നിരുന്ന വേനല്‍കാലത്ത് ഇടവിളയായി പച്ചക്കറി കൃഷികളും നടത്തിയിരുന്നു. പയര്‍, കക്കിരി, മത്തങ്ങ, തണ്ണീര്‍മത്തന്‍, കുമ്പളങ്ങ, പീച്ചി ഇവയായിരുന്നു പ്രധാന പച്ചക്കറികൃഷികള്‍. ഇപ്പോള്‍ ഇത്തരം കൃഷികള്‍ നിലച്ചിരിക്കുന്നു എന്നുതന്നെ പറയാം. കൊടുങ്ങല്ലൂര്‍ മുണ്ടകന്‍ എന്ന പേരിലറിയപ്പെടുന്ന വളരെ പ്രസിദ്ധമായ നെല്ലായിരുന്നു ഇവിടെ വിളയിച്ചിരുന്നത്. സമതലപ്രദേശമായ പഞ്ചായത്തില്‍ തീരപ്രദേശങ്ങളില്‍ മണലും മറ്റുഭാഗങ്ങളില്‍ പശിമരാശിമണ്ണുമാണുള്ളത്. നാളികേരവും അടക്കയുമാണ് പ്രധാനവിളകള്‍. നെല്‍കൃഷി പേരിനു മാത്രമായി ചുരുങ്ങി ഏകദേശം 5 ഹെക്ടറിലായി ഒതുങ്ങി നില്‍ക്കുന്നു. ഏതാണ്ട് 1960-ന് മുന്‍പുവരെയും ഞാറ്റുപാട്ടും വടക്കന്‍പാട്ടും താളമിട്ടുകൊണ്ട് ഞാറുനടുകയും കളപറിക്കുകയും ചെയ്യുന്ന നാടന്‍സ്ത്രീകളുടെ ഈണമുള്ള ശീലുകള്‍ ഈ ഗ്രാമത്തില്‍ മുഴങ്ങിയിരുന്നു. കൊയ്ത്തുകാലത്തെ ഉത്സവഭരിതരായ ഗ്രാമീണജനതയും ഇന്ന് പഴംകഥകളായി മാറുകയാണ്. അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന ഈ കൊച്ചുഗ്രാമത്തില്‍ തീരപ്രദേശത്തെ ജനങ്ങള്‍ പരമ്പരാഗതതൊഴിലുകളായ മത്സ്യബന്ധനത്തിലും കയര്‍വ്യവസായത്തിലും ഏര്‍പ്പെട്ടുകഴിയുന്നവരാണ്. 700-ല്‍ പരം മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒരുകാലത്ത് കയര്‍വ്യവസായമായിരുന്നു മുഖ്യതൊഴില്‍. തഴപ്പായനെയ്ത്താണ് ഇവിടുത്തെ ഭൂരിഭാഗം സ്ത്രീകളും പണിയെടുക്കുന്ന ഏറ്റവും വലിയ പരമ്പരാഗത തൊഴില്‍മേഖല. കേരളത്തിലെ തന്നെ ഏറ്റവും വലിയ പായമാര്‍ക്കറ്റും ഈ പഞ്ചായത്തിലെ നടവരമ്പുചന്തയാണ്. ഇവിടെ ഉല്പാദിപ്പിക്കുന്ന കയറുകള്‍ കൊച്ചിയിലേയ്ക്ക് കയറ്റുമതി ചെയ്തിരുന്നു. യന്ത്രവല്‍ക്കൃത സമ്പ്രദായങ്ങള്‍ വന്നതോടുകൂടി കൈത്തൊഴിലായ കയര്‍പിരി കടുത്തപ്രതിസന്ധിയിലാവുകയും സ്ത്രീകളുടെ തൊഴില്‍ നഷ്ടമാവുകയും ചെയ്തു. ഒരു കാലത്ത് പായനെയ്ത്തിന് ഏറ്റവും കൂടുതല്‍ പേരുകേട്ട പ്രദേശമായിരുന്നു എടവിലങ്ങ്. തൃശ്ശൂര്‍ ജില്ലയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കൊപ്ര ശേഖരിക്കുന്ന സ്ഥലമായിരുന്നു പഞ്ചായത്ത്. പഞ്ചായത്തില്‍ എണ്ണയാട്ടു വ്യവസായം നല്ല രീതിയില്‍ നടന്നിരുന്നു. നാടന്‍ ചക്കില്‍ ആട്ടിയ വെളിച്ചെണ്ണയും എള്ളെണ്ണയും പിണ്ണാക്കും വേണ്ടവിധം ലഭ്യമായിരുന്നു. ആദ്യം എടവിലങ്ങ് പഞ്ചായത്ത് മുകുന്ദപുരം താലൂക്കിലായിരുന്നു. പിന്നീട് 1956-ല്‍ നടന്ന താലൂക്ക് പുന:സംഘടനയില്‍ എടവിലങ്ങിനെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ലയിപ്പിക്കുകയുണ്ടായി. എടവിലങ്ങിന്റെ ഭാഗമായി ഇന്നത്തെ തിരുവഞ്ചിക്കുളം അമ്പലം സ്ഥിതി ചെയ്യുന്ന സ്ഥലം മുതല്‍ പുഴവക്കുവരെയും എടവിലങ്ങ് പഞ്ചായത്തില്‍ ഉള്‍പ്പെട്ടതായിരുന്നു. ക്ഷേത്രം കൊച്ചിന്‍ ദേവസ്വത്തില്‍ ആയിരുന്നതിനാല്‍ കൊടുങ്ങല്ലൂര്‍ തമ്പുരാന്റെ കീഴിലുണ്ടായിരുന്ന ക്ഷേത്രങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല. കൊച്ചി രാജകുടുംബാംഗങ്ങള്‍ക്ക് താമസിക്കുന്നതിനായിട്ടായിരുന്നു ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്ന് കോവിലകം പണിതീര്‍ത്തിരുന്നത്. കൊടുങ്ങല്ലൂര്‍ താലൂക്കിലെ ഏറ്റവും ചെറിയ വില്ലേജായ എടവിലങ്ങിന്റെ വിദ്യാഭ്യാസചരിത്രത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വില്ലേജിന്റെ പലഭാഗത്തും പഴയകാലത്ത് നാട്ടാശാന്‍മാരുടെ നേതൃത്വത്തില്‍ കുടിപളളികൂടങ്ങളുണ്ടായിരുന്നതിന്റെ ഫലമായി സംസ്കൃതത്തില്‍ പാണ്ഡിത്യം നേടിയ പല വ്യക്തികളും ഇവിടെ ഉണ്ടായിരുന്നു. വൈദ്യം, വിഷവൈദ്യം, മൃഗചികിത്സ, തച്ചുശാസ്ത്രം, ജ്യോത്സ്യം എന്നിവയില്‍ പ്രാവീണ്യം നേടിയ അനവധിയാളുകള്‍ ഇവിടെ അധിവസിച്ചിരുന്നു. പതിനെട്ടരയാളം ദേശത്ത് സര്‍ക്കാരുടമയില്‍ 1895-ല്‍ പതിനെട്ടരയാളം ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിച്ചു. 101 വര്‍ഷത്തിനു മുന്‍പ് സ്ഥാപിച്ച ഈ ലോവര്‍ പ്രൈമറി സ്കൂള്‍ 1964-ല്‍ എടവിലങ്ങ് ഗവണ്‍മെന്റ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. വില്ലേജിന്റെ ഏതാണ്ട് കിഴക്കു ഭാഗത്തായി സ്ഥാപിച്ച ഈ ലോവര്‍ പ്രൈമറി സ്കൂളിലേക്ക് തീരപ്രദേശങ്ങളില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ നടന്നു വന്ന് വിദ്യാഭ്യാസം നടത്തുകയെന്നത് അക്കാലത്ത് ദുഷ്കരമായിരുന്നു. ഇതിന് പരിഹാരമുണ്ടാക്കുന്നതിനായി തീരദേശത്ത് 1903-ല്‍ കാരസെന്റ് ആല്‍ബാനസ്കൂള്‍ എന്ന പേരില്‍ സ്വകാര്യ മേഖലയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1931-ല്‍ കാതിയാളത്ത് തുടങ്ങിയ 5-ാം സ്റ്റാന്‍ന്റേര്‍ഡ് ഉള്‍പ്പെടുന്ന ഇംഗ്ളീഷ് പ്രൈമറി സ്കൂളാണ് ഇന്നത്തെ ഗവ.ഫിഷറി ലോവര്‍ പ്രൈമറി സ്കൂള്‍. ഇന്നും അവിടെ 5-ാം തരം വരെ പഠനം നടക്കുന്നു. ഇരുപതോളം കലാസമിതികള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മുന്‍കാലങ്ങളില്‍ നാടകാഭിനയം ഇവിടുത്തെ ചെറുപ്പക്കാരുടെ സ്ഥിരം പരിപാടികളായിരുന്നു. പഞ്ചായത്തിന്റെ വകയായി ഏകദേശം ആറായിരത്തോളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറി സ്വന്തമായുണ്ട്. ദേശീയ പ്രസ്ഥാനം വലിയ ചലനങ്ങളൊന്നും പഞ്ചായത്തില്‍ ഉണ്ടാക്കിയിരുന്നില്ല. ഭൂപരിഷ്കരണനിയമം മൂലം പഞ്ചായത്തിലെ ഭൂമിയില്ലാത്ത നിരവധി കുടികിടപ്പുകാര്‍ക്ക് ഭൂമി ലഭിക്കുകയുണ്ടായി. തുലാമാസത്തിലെ കറുത്തവാവു ദിവസം കാരയിലെ വാക്കടപ്പുറത്തുനടക്കുന്ന ദീപാവലിമഹോത്സവം തീരപ്രദേശത്തെ ഒരു ദേശീയോത്സവം തന്നെയാണ്. അന്നെദിവസം പിതൃബലിയര്‍പ്പിക്കുന്നതിനായി നിരവധി ആളുകള്‍ വാക്കടപ്പുറത്തെത്തുന്നു. ധാരാളം കച്ചവടക്കാര്‍ അന്നവിടെയെത്തുന്നു. ജാതിമതഭേദമെന്യേ നിരവധി ജനങ്ങള്‍ ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നു. കലാസാംസ്കാരിക സമ്മേളനങ്ങള്‍, കലാപരിപാടികള്‍ മുതലായവ അന്നവിടെ അവതരിപ്പിക്കുന്നു. കൂടാതെ ഈ കടപ്പുറത്തിന്റെ മറ്റൊരു പ്രത്യേകത കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ മീനമാസത്തിലെ ഭരണയുത്സവത്തിന്നായെത്തുന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ പണ്ടുകാലം മുതലേ കോതപറമ്പ്-കാരറോഡിലൂടെ കാല്‍നടയായി വാക്കടപ്പുറത്തെത്തി കടലില്‍ക്കുളിച്ച് തിരികെ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലേക്ക് ഉത്സാഹഭരിതരായി പോകുന്ന കാഴ്ച മീനമാസത്തിലെ രേവതി-ഇരവതി-അശ്വതിനാളുകളില്‍ ഇവിടുത്തുകാര്‍ക്കൊരു കാഴ്ച തന്നെയായിരുന്നു. നാടന്‍കലകള്‍ ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഓണപ്പാട്ടും തിരുവാതിരയും മാസ്സുകളിയും കോട്ടവാറുകളിയും ഇന്ന് ഓരോര്‍മ്മ മാത്രമായിരിക്കുകയാണ്. ധനുമാസരാവിലെ തിരുവാതിര നാളുകളില്‍ ഗ്രാമാന്തരീക്ഷത്തെ പുളകം കൊള്ളിച്ചിരുന്ന ഊഞ്ഞാല്‍പ്പാട്ടും, വായ്ക്കുരവയും താളക്കൊഴുപ്പും ചടുലമായ ചുവടുവെപ്പുകളും കൊണ്ട് മനോഹരമായിരുന്ന ഐവര്‍കളിയും ഒരു കാലത്ത്  എടവിലങ്ങിന്റെ തനതായ കലാരൂപങ്ങളായിരുന്നു. കാരയിലെ അതിപുരാതനമായ ക്രിസ്ത്യന്‍പള്ളിയും, കാതിയാളത്തിലെ ജുമാമസ്ജിദും കുഞ്ഞയനിക്ക് കിഴക്കുഭാഗത്തുള്ള ചിരപുരാതനമായ ശ്രീകൃഷ്ണപുരം ശിവക്ഷേത്രവും കാര പള്ളിയുമാണ് പ്രധാന ആരാധനാലയങ്ങള്‍. പഞ്ചായത്ത് സമതല രൂപത്തിലുള്ള പുഴിമണല്‍ പ്രദേശമാണ്. ഈ പ്രദേശത്തിന്റെ പഴയകാല ചരിത്രമെടുത്ത് പരിശോധിച്ചാല്‍ നെല്ലും സമതലപ്രദേശങ്ങളും അടങ്ങിയ ഭൂപ്രകൃതിയായിരുന്നു. ഏകദേശം ഒന്നേകാല്‍ നൂറ്റാണ്ടുമുമ്പ് കടല്‍ക്കര ഒരു കിലോമീറ്ററോളം പടിഞ്ഞാറുഭാഗത്തായിരുന്നു. ഉഗ്രമായൊരു കടല്‍ക്ഷോഭത്തിനു ശേഷം കടല്‍ കിഴക്കോട്ടു കയറുകയും ഒരു കിലോമീറ്ററോളം കരകടലായി മാറുകയും ചെയ്തുവെന്നാണ് ഇവിടുത്തെ പഴമക്കാര്‍ പറഞ്ഞിട്ടുള്ളത്. കൊല്ലംതോറും ഉണ്ടാകുന്ന കടല്‍ക്ഷോഭം തീരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് എന്നും അസ്വസ്ഥത ഉണ്ടാക്കുമായിരുന്നു. മത്സ്യബന്ധനത്തിന് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ ഒന്നുംതന്നെ അന്ന് ഉണ്ടായിരുന്നില്ല. പരമ്പരാഗതമായി ഈ മേഖലയില്‍ പണിയെടുക്കുന്ന സ്ഥിരം കുടുംബങ്ങള്‍ ഉണ്ടായിരുന്നു. വഞ്ചിയും വലയും സ്വന്തമായില്ലാത്തവര്‍ മറ്റുവഞ്ചിയുടമകളുടെ കീഴില്‍ കരാറ് അടിസ്ഥാനത്തില്‍ ജോലി ചെയ്യണമായിരുന്നു. മുഖ്യമായ ഗതാഗതമാര്‍ഗ്ഗം റോഡ് ഗതാഗതമാണ്. ആദ്യമായി കാര-കോതപ്പറമ്പ് വഴി ബസ് സര്‍വ്വീസ് ആരംഭിച്ചത് 1959 സെപ്റ്റംബര്‍ 1-ാം തീയതിയാണ്. എഫ്.എം.എസ് എന്നപേരിലുള്ള ബസ്സ് സര്‍വീസ് ആയിരുന്നു അത്. അക്കാലത്ത് ചെങ്കല്‍ റോഡിലൂടെയാണ് ബസുകള്‍ ഓടിയിരുന്നത്. പഞ്ചായത്തില്‍ക്കൂടി കോതപറമ്പില്‍നിന്നും കാര വഴി അഴീക്കോട്ടേക്കും കോളേജുവഴിയും ഉള്ള റോഡാണ് പ്രധാന ഗതാഗതസൌകര്യം